ആത്മാവിന്റെ കരച്ചിൽ

ഉറക്കംപോലും എന്നെ വിട്ടിറങ്ങിപ്പോയ രണ്ടാം ദിവസം...
ഈ രാത്രിയിൽ എങ്കിലും എനിക്കൊന്നുറങ്ങണമെന്നുണ്ട്...
കണ്ണടയ്ക്കുമ്പോ ആ ഇരുട്ടിൽ മുഴുവൻ നീ നിറയണമെന്നുണ്ട്...
നിന്നോട് ചേർന്നിരിക്കണമെന്നുണ്ട്...
കടുപ്പത്തിൽ രണ്ടുമൂന്ന് ചായ കുടിക്കണമെന്നുണ്ട്...
തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ നിന്റെ കണ്ണുകൾ തിളങ്ങുന്നത് കാണണമെന്നുണ്ട്...
വിരലുകൾ ചേർത്തുവച്ച് ചിരിക്കണമെന്നുണ്ട്...
പതിവുപോലെ യാത്ര പറയുമ്പോ നിന്റെ കണ്ണുകൾ എന്നെ തിരിഞ്ഞുനോക്കുന്നത് കണ്ടുനിൽക്കണമെന്നുണ്ട്...
പക്ഷെ, എന്റെ കണ്ണുകൾ അടയുന്നില്ല...
എങ്ങോട്ടെന്നില്ലാതെ അതിങ്ങനെ മുറിമുഴുവൻ അലഞ്ഞുനടക്കുന്നു...
ഇടയ്ക്കത് വല്ലാതെ നിറഞ്ഞൊഴുകുന്നു...
ശ്വാസത്തിന്റെ വേഗം കൂടുന്നു...

ഈ രാത്രിയും പതിവുപോലെ കടന്നുപോകുമായിരിക്കും...
ഇനി എന്നാണ് ഞാൻ ഉറങ്ങുക??
ഇനി എന്നാണ് ഞാൻ നിന്നെ സ്വപ്നം കാണുക??
സ്വപ്നത്തിൽ മാത്രം കണ്ടുമുട്ടാൻ,
സ്വപ്നത്തിൽ മാത്രം ചേർന്നിരിക്കാൻ,
സ്വപ്നത്തിൽ മാത്രം വിരലുകൾ തലോടാൻ 
വിധിക്കപ്പെട്ട രണ്ടുമനസ്സുകൾ ഇനി എന്നാണ് ഒന്നിക്കുക???

ഈ ചോദ്യങ്ങളൊക്കെ നിന്നോട് ചോദിക്കാനെങ്കിലും എനിക്കൊന്നുറങ്ങണം...
ജീവനില്ലാത്ത ഒരാത്മാവിന്റെ കരച്ചിലായെങ്കിലും...

Comments

Popular Posts