അനാഥർ

കുറച്ചുരാത്രികളായി ഏതോ ഒരാത്മാവ്
എന്നോട് ചേർന്നിരുന്ന് പൊട്ടിക്കരയുന്നുണ്ട്...
എനിക്കവരുടെ ഭാഷ മനസ്സിലാവുന്നില്ല... പക്ഷെ കരച്ചിലിന് ഒരു ഭാഷയല്ലേ ഉള്ളൂ...
എന്തൊക്കെയോ അതെന്നോട് പറയുന്നുണ്ട്.. പക്ഷെ അതൊന്നും എനിക്ക് മനസ്സിലാവുന്നില്ല...
കരഞ്ഞുകരഞ്ഞു മടുക്കുമ്പോ അത് എന്നെ വല്ലാതെ പ്രാകുന്നുണ്ട്... ഒരു പൊട്ടനെപോലെ ഞാൻ അതൊക്കെ കേട്ട് മിണ്ടാതിരിക്കും... ഒന്നാശ്വസിപ്പിക്കണം എന്നുണ്ട്.. പക്ഷെ എനിക്ക് അവരുടെ ഭാഷ അറിയില്ലല്ലോ... അഥവാ അറിയുമായിരുന്നെങ്കിലും ഞാൻ ആശ്വസിപ്പിക്കുമായിരുന്നോ?? അറിയില്ല...
എങ്ങനെയാണ് കരയുന്ന ഒരാളെ ആശ്വസിപ്പിക്കാതിരിക്കാൻ പറ്റുക?? അത്രക്ക് ഇരുണ്ടുപോയ മനസ്സാണോ എന്റേത്?? അതോ ഞാൻ കേൾക്കുന്നത് എന്റെ കരച്ചിൽ തന്നെയാണോ??
കരച്ചിലിനോടുവിൽ എപ്പോഴും ആ ആത്മാവ് എന്റെ നെഞ്ചിൽ ചേർന്നുകിടക്കാറുണ്ട്... ഞാൻ അതിനെ ചേർത്തുപിടിക്കാറുണ്ട്... പക്ഷെ അത് ചിരിക്കാറില്ല... പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കും... ആ ചേർത്തുപിടിക്കാലിനിടയിൽ അതെന്നോട് കൂടുതൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട്.. പക്ഷെ അതൊന്നും എനിക്ക് മനസ്സിലാവാറില്ല...
അതെന്നോട് ചേരാത്ത രാത്രികളിൽ ഞാൻ ഉറങ്ങാറില്ല... ഞാൻ സ്വപ്നം കാണാറില്ല... പക്ഷെ എനിക്കെന്താണ് അതിനെ ആശ്വസിപ്പിക്കാൻ കഴിയാത്തത്??സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ കഴിയാത്തത്?? വിരലുകൾ ചേർത്തുവച്ച് ചുംബിക്കാൻ കഴിയാത്തത്??

Comments

Popular Posts