കവിത
കവിതകൾ ഇങ്ങനെ ഒഴുകുകയാണ്... എങ്ങോട്ടെന്നില്ലാതെ വിരളമായ എന്റെ കൈകളിലൂടെ...
നിന്നിലേക്കെത്തുംവരെ അതങ്ങനെ ദിശയില്ലാതെ ശാന്തമായി ഒഴുകിക്കൊണ്ടേയിരിക്കും...
അരികിലുള്ളവയെയൊക്കെ തഴുകി, ചിലരെയൊക്കെ കൂടെ കൂട്ടി, ചിലതൊക്കെ തന്നിലേക്കടുപ്പിച്ച്, ചിലതൊക്കെ എന്നെന്നേക്കുമായി മറന്ന് അതങ്ങനെ ഒഴുകട്ടെ...
നിന്നിലേക്കെത്തുംവരെയാണ് ഈ ശാന്തതയുടെ ആയുസ്സ്... പിന്നെയത് പ്രളയമാകും... കലുഷിതമായി ഒഴുകും...ഭ്രാന്തമായ ആ കവിതകൾ നിന്റെ അലസമായ മുടിയിഴകൾപോലെ ചിന്നഭിന്നമായി അലയടിക്കും...
വാക്കുകൾ അവയെ വേർപിരിയും... അക്ഷരങ്ങൾ തമ്മിൽ ഏറ്റുമുട്ടും... വ്യാകരണങ്ങൾ ഒലിച്ചുപോകും...
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അവ കുതിച്ചൊഴുകും...
നിന്നെ വർണ്ണിക്കാൻ എനിക്ക് ഭാഷയെ നഗ്നമാക്കേണ്ടി വന്നപോലെ അവയും സ്വതന്ത്രരാകും...
സ്വാതന്ത്ര്യത്തിന്റെ ആ അർധരാത്രിയിൽ അവ നിന്നോട് ചേരും...
നിന്റെ വിരലുകളിൽ അലിയും...
നിന്റെ നഗ്നതയിൽ എന്റെ കവിതകൾ ഓരോന്നായി എഴുതിച്ചേർക്കപ്പെടും...
അങ്ങനെ ഞാനെന്ന അക്ഷരം നീയെന്ന വാക്കിൽ എന്നെന്നേക്കുമായി ഇല്ലാതാവും... പുനർജനിക്കാനാവാതെ ഞാൻ നിന്റെ വിരലുകൾക്കിടയിൽ അന്ത്യവിശ്രമം കൊള്ളും...
കവിതകളെ സ്വതന്ത്രരാക്കി
ഞാൻ മാത്രം അസ്വതന്ത്രനാകും...
നിന്നിലെ സ്വാതന്ത്രം പേറുന്ന അസ്വതന്ത്രൻ..
Comments
Post a Comment