ഓക്സിജൻ

ആരുമില്ലാ എന്ന് തോന്നുമ്പോ
ഞാൻ ഇടക്കൊക്കെ ഒന്ന് കിണറ്റിൽ തുള്ളും...

രക്ഷിക്കണേ എന്ന് ഉച്ചത്തിൽ നിലവിളിക്കും...

കാലിൽ തടഞ്ഞ കല്ലിൽ ചവിട്ടാതെ
താഴ്ന്നുതാഴ്ന്ന് വയറുനിറയെ വെള്ളം കുടിക്കും...

അതുവരെ കൂടെയുണ്ടായിരുന്ന
ഒക്സിജനോട് പോയി പണി നോക്കാൻ പറയും...

കേട്ട പാതി കേൾക്കാത്ത പാതി
അവൻ ഓടി പോകും...
പകുതിയെത്തുമ്പോ ഇങ്ങു തിരിച്ചും പോരും...

രക്ഷിക്കാൻ ഓടി ചാടി വരുന്നവരെ കാണുമ്പൊ അവൻ ഒളിഞ്ഞിരിക്കും...
കാക്കിയിട്ട സുന്ദരന്മാരോടും അവൻ കുറുമ്പുകാട്ടും...

അങ്ങനെ എല്ലാരുംകൂടി പൊക്കിയെടുത്തുകൊണ്ടോടുമ്പോ,
ഇതുവരെ മുഖത്തുപോലും നോക്കാത്തവരുടെ നെഞ്ചത്തടിച്ചുള്ള കരച്ചിൽ കേൾക്കുമ്പോ,
ഒരു ആശ്വാസം കിട്ടും...

എനിക്കും ആരൊക്കെയോ ഉണ്ടെന്ന് വെറുതെ ഒന്ന് തോന്നും...

Comments

Popular Posts