വിരലറ്റം

എന്റെ ഇലകൾക്കുമേൽ നീ പെയ്യുമെന്നോർത്ത് 
എത്ര പുലരികൾക്ക് ഞാൻ കൂട്ടിരുന്നു .
ചൂടൻ തണുപ്പിനോട് കുശുമ്പുകുത്തി ,
അടുത്തുവന്നിരുന്ന കാറ്റിനെ തെറിപറഞ്ഞ് ,
പ്രാണന്റെ പാതിയായവളുടെ വിരലറ്റം 
എന്നിൽ പെയ്യുമെന്നോർത്ത് 
നിമിഷങ്ങളെ പിടിച്ചുകെട്ടി 
കാത്തിരുന്ന പുലരികൾ...

സൂര്യനും കിരണങ്ങളും പിന്നെ മേഘങ്ങളും 
ചക്രവാളം ചുറ്റിത്തിരിഞ്ഞടുത്തുവന്നപ്പോഴും 
നിമിഷങ്ങളെ പിടിച്ചുകെട്ടിയ പിരിയൻ കയറിന്റെ 
അടർന്നുപോയ നൂൽക്കഷ്ണവുമായി 
ഞാൻ അവശേഷിച്ചിരുന്നു...

എന്റെ പുലരിയിൽ നിലാവുവന്നു 
ചിത്രശലഭങ്ങളെപ്പോലെ നക്ഷത്രങ്ങൾ 
എനിക്കുചുറ്റും പാറിനടന്നു. 
തെറിപറഞ്ഞോടിച്ച കാറ്റ് 
പിണക്കമില്ലാതടുത്തുവന്നു.
അപ്പോഴും അവളുടെ വിരലറ്റം പെയ്യുമെന്നോർത്ത് 
എന്റെ പുലരികൾക്ക് ഞാൻ കൂട്ടിരിപ്പായിരുന്നു.


Comments

Popular Posts