അനുരാഗം
അനുരാഗം
സാന്ദ്രമാമനുരാഗ രാത്രികള്‍ക്കൊക്കെയും
പറയുവാനേറെയുണ്ടാകും ഒരേ കഥ.
കണ്ണിനും കണ്ണുനീരിന്നും ഇടയ്ക്കിടെ
കാര്‍വണ്ടുപോലേ അലഞ്ഞവന്‍ തന്‍ കഥ...
ആയിരം രാത്രികള്‍ പൌര്‍ണ്ണമിയെക്കാത്ത്
അറിയാതെ കണ്‍ചിമ്മുമന്ധനാം താരകം
പിന്നെയും പിന്നെയും കണ്‍തുറന്നങ്ങിനെ
പിന്നെയും പിന്നെയും കണ്‍ചിമ്മിയങ്ങനെ
ഇരുളും പകലുമറിയാതെ ജീവിത
രാത്രി അവള്‍ക്കായ് പങ്കുവച്ചൂ...
കാറ്റിന്റെ സപ്തസ്വരങ്ങളില്‍ അലിയാതെ
നിശതന്റെ നിറമറ്റ ചിത്രത്തില്‍ നോക്കിയാ-
നിഴലറ്റ സ്വപ്നമതോര്‍ത്തിരിക്കുന്നവന്‍
നിറമാര്‍ന്ന തിങ്കളെ കാത്തിരിക്കുന്നവന്‍...
കാത്തിരിപ്പൊറ്റയ്ക്ക് കണ്ണിന്നുമുന്‍പിലെന്‍
പ്രിയതോഴിയെത്തുന്ന നാളുകള്‍ ഓര്‍ത്തോര്‍ത്ത്
ഒടുവിലാ കണ്ണുമടഞ്ഞുപോയി
ഒടുവിലാ സ്വപ്നവും മാഞ്ഞുപോയി
നിറമറ്റ ജീവിത സൌഖ്യങ്ങള്‍ ഒക്കെയും
നിറമാര്‍ന്ന മിഴികളില്‍ ബാക്കിയായി...
ഇനിയുമാ സാന്ദ്രമാമനുരാഗ രാത്രികള്‍
പറയുമവന്‍ കഥ എന്നുമെന്നും.
എങ്കിലും പറയാതെ പോയൊരു നൊമ്പരം
പൌര്‍ണ്ണമിയില്‍ കാറ്റുമേറ്റുചൊല്ലും
മെല്ലെ അന്നവള്‍ ആഴിയോടൊന്നുചൊല്ലും
"പ്രിയമായിരുന്നവനോടെനിക്കെന്നും"
വിഷ്ണു മനോജ്
Comments
Post a Comment