രക്തനക്ഷത്രം

രക്തനക്ഷത്രം.

വിടരാതെ നിൽക്കുന്നതെന്തെന്റെ പൂക്കളേ
എന്നവൾക്കായി ഞാൻ കാത്തിരിക്കും പോലെ...
ആയിരം ചെഞ്ചോര നിറമുള്ള പൂക്കളെൻ
ചെങ്കതിർപ്പെണ്ണിനായ് കാത്തിരിപ്പാകയോ
ഇനിയെത്ര നാൾ നിങ്ങളീ കൊച്ചു വാടിയെ
ഒന്നു ചുവപ്പിക്കാതെ മയങ്ങിടും?

അന്നവൾ നിൻ തണലേറ്റു മയങ്ങുമ്പൊഴെന്തേ
അവൾക്കായ് പൊഴിയാഞ്ഞു പൂക്കളേ...
അന്നവൾ എൻ പാതി ഹൃദയം കവർന്ന നാൾ
എന്തേ നമുക്കായ് പെയ്യാഞ്ഞു പൂക്കളേ...
അന്നവൾ നിൻ ചോട്ടിൽ വീണു പിടഞ്ഞ നാൾ
എന്തിനവൾക്കായ് പെയ്തെന്റെ പൂക്കളേ...

കൈയ്യിൽ അവൾ കൊണ്ട ചെങ്കൊടിയും
പിന്നെ നെഞ്ചിലവൾ കൊണ്ട മുദ്രാവാക്യവും
മാത്രമായീ മണ്ണിൽ ബാക്കിയാക്കി
അവൾക്കായ് പൊഴിയാതെയീ നിന്നെയും
എന്നെയും.

ഇനിയെത്ര നാൾ നമ്മളീ കൊച്ചു വാടിയെ
ഒന്നു ചുവപ്പിക്കാതെ മയങ്ങിടും?
ഇനി അവൾക്കായി നാം എത്ര ദിനരാത്രങ്ങൾ
ഈ അങ്കണത്തിൽ തനിച്ചിരിക്കും?
എങ്കിലും ഒരു ദിനം വരുമവൾ
കൈയിലാ രക്തനക്ഷത്രമതേന്തി നിൽക്കും.
അന്നൊരാ സൂര്യനും പട്ടണിയും
കൂടെ ഈ ഭൂമി ചെമ്പട്ടുടുക്കും.
അന്നവൾക്കായ് പൊഴിയാൻ ബാക്കി നിൽക്കണം
പൂക്കളേ നിങ്ങൾ ചുവപ്പണിഞ്ഞ്...............

               വിഷ്ണു മനോജ്

Comments

Popular Posts