ശാന്തി ഗീതം
ശാന്തി ഗീതം
ഇനി നീ വരുമെന്റ പാതയിൽ
മെല്ലെ മെല്ലെ സഖീ.
ചലനമറ്റീ ചരണ പാതയിൽ
ജീവസ്സറ്റ ശരീരമായ് മാത്രമായ്
തെല്ലൊതുങ്ങുന്ന നേരത്തു നീ സഖീ
ചാരെയെത്തുമീ മന്ദഹാസമായ്.
എൻ സഖീ നീ വരും പാതയിൽ നിന്ന്
എത്രയോ ദൂരമിന്നുഞാനെങ്കിലും
കാത്തിരിപ്പാണ് കൺകളിൽ കനിവിന്റെ
കാൽച്ചിലങ്ക കിലുങ്ങിക്കിലുങ്ങിടാൻ.
യാത്ര ചോദിച്ചുവന്നുനീ മാത്രയിൽ
മാത്രമായീ മറഞ്ഞു നീ ദൂരത്ത്.
അന്നു ശേഷിച്ചതെൻ മാംസപേശികൾ
മാത്രമായി സഖീ നീയറിയാതെ..
കർണ്ണ ബാണമേറ്റിന്നൂ പിടയുന്നു
ചങ്കിൽ സ്നേഹവും കൊച്ചു കിടാത്തിയും.
അന്നു നീപോയ മാത്രയിൽ
കൂടെ വന്നെന്റെ ആത്മ ശരീരവും.
എങ്കിലും ബാക്കിയായുണ്ട് ഒരോർമ്മയും
തങ്ങിനിൽക്കാത്ത ശവശരീരം പോലെ.
എൻ പാതയോരത്ത് നിന്നു നീ ചൊല്ലിയ
സ്നേഹമോലുന്ന വാക്കുകൾ ഏന്തി നീ
ചാരത്തണയുന്ന നേരത്ത്
ആത്മഹൂതി ചെയ്യുന്നെന്റെ മൗനവും.
മരണമല്ലാതെയില്ലെനിക്കിന്നൊരു
ശാന്തിയാത്രയും ഓർക്കുക നീയിന്ന്
മരണമെത്തിടും മുൻപു നീ ചാരത്ത്
അണയണം സഖീ യാത്ര നീയേകണം.
ഒടുവിലെ ചുടുകണ്ണുനീർ കൊണ്ടു നീ
വരളുമെൻ നാവിൽ മധുരമേകീടണം.
സഖീ.... ഇതെന്റെ ശാന്തിഗീതം.
ഇനിയില്ല ഓർമ്മകൾ ഇനിയില്ല നാളുകൾ കാത്തിരിക്കാൻ നിനക്കായിയെങ്കിൽ ഞാനിതാ മുഴുകുന്നു ശാന്തിയിൽ
എൻ നിത്യശാന്തിയിൽ.......
രചന: വിഷ്ണു മനോജ്.
Comments
Post a Comment