പ്രണയം കേവലം ഭൂമിയിൽ മാത്രമൊതുങ്ങുന്നില്ല. ആർക്കും നിർവ്വചിക്കാൻ കഴിയാത്ത ആ ദിവ്യാനുഭൂതി ഈരേഴു പതിനാല് ലോകങ്ങൾക്കും സ്വന്തമാണ്. ഇതാ, മറ്റുള്ളവരാൽ ഒറ്റപ്പെടുത്തപ്പെട്ടുവെങ്കിലും തന്റെ പ്രാണനാഥനായ സുര്യനോട് പറയാതെപോയ പ്ലൂട്ടോ എന്ന ചെറുഗ്രഹത്തിന്റെ പ്രണയം ഇവിടെ ഒരു കവിതയാകുന്നു..

        
             സൂര്യകാന്തി

ഇനിയുമൊഴുകും
ഞാൻ നിന്റെയോരത്ത് നിഴലുപോലെ
ആയിരം പൂർണ്ണേന്ദുവാലെ മൂടുമ്പൊഴും
അലിയുമാ മിഴികളിൽ ഞാനും.

ഈ മഹാമണ്ഡലം നിൻ കർമ്മമണ്ഡലം
ഞാനതിൽ വെറുമശ്രു മാത്രം
നീയറിയാതെ നിൻ കവിളിണ തലോടുന്ന
മൂകയാമഗതിയായ് മാത്രം.

നാളേറെയായി ഞാൻ നിൻവലം വയ്ക്കുമ്പോൾ
അറിയാതെ പ്രണയിച്ചു പോയീ
നിന്നെ അറിയാതെ പ്രണയിച്ചു പോയീ.

ആയിരം വർണ്ണങ്ങളാലെന്റെ ചാരത്തൊരായിരം
താരകൾ മിഴിതുറക്കേ
നിൻ വിരൽത്തുമ്പിലെൻ വിരൽ ചേർക്കുവാൻ
മാത്രമായി എന്റെ യാത്രകളും.

നിൻ കണ്ണിലെരിയുന്നൊരഗ്നിയും
നിന്റെ നെറുകിൽ തുളുമ്പും സുവീര്യവും
രാത്രിയൊരുപാടു നാളായതെന്റെ നിശ്വാസത്തിലെവിടെയോ പിറവികൊള്ളുന്നു.

നിന്റെ മിഴിയിൽ നിന്നുതിരും പ്രഭാകിരണം
എന്റെ നെറുകിൽ തൊടാതെ നീങ്ങുമ്പോൾ
താഴെ മണ്ണിലൊരു ചെറുപുഷ്പം
നിന്നെ അറിയാതെ പ്രണയിച്ചിടുമ്പൊഴും
ഒറ്റയെങ്കിലും തെല്ലനങ്ങാതെ
നിന്നെ മെല്ലെ വലം വച്ചിടുന്നു ഞാൻ.

സ്ഥാനമില്ലെനിക്കിന്നല്പമാത്രയും
ഭ്രഷ്ടു കല്പിച്ചിതെന്നെയീ പൂരുഷർ
നിന്നിൽനിന്നകറ്റീടുവാനെങ്കിലും
ഒഴുകീടുന്നു ഞാൻ നിന്റെയോരത്ത്
നിന്റെ നിഴലും നിലാവുമറിയാതെ.

സർവ്വലോക ചരാചരങ്ങൾക്കുമി-
ന്നുയിരുപകരും പരമപ്രതാപിയാം
അരുണനുപോലുമെന്തിന്നിതെന്നോട്
അലിവു തോന്നായ്കയിന്നെൻ മഹാപ്രഭോ

ഒരു നിമിഷമെങ്കിലും എൻ നേർക്ക്
മിഴികളൊന്നു ചലിപ്പിക്കുമോ പ്രിയൻ
അതുമതീയിവൾക്കീ ശിഷ്ടജീവിതം
കനവു കണ്ടു നിന്നെ വലംവയ്ക്കുവാൻ.
                                     
രചന: വിഷ്ണു മനോജ്.
ആശയം: വിഷ്ണു രമേശ്.

Comments

Popular Posts